Saturday, September 12, 2015

ഒരു തൊഴില്‍രഹിതന്‍റെ കത്ത്.........

പ്രിയേ  ,
എനിക്കറിയില്ല  ഇതെഴുതി  തീരും മുന്‍പേ
ഈ  പേനയിലെ  മഷി തീരുമോയെന്ന്,
പകുതിയായിപ്പോയ  കത്ത് കണ്ട്
നീയെന്നെ  ശപിക്കരുത്....
ഞാനൊരു  പരമ  ദരിദ്രനാണെന്ന്
മറ്റാരെക്കാളും  നന്നായി  നിനക്കറിയില്ലേ?


ഞാനിന്നും  ഏറെയലഞ്ഞു..........
ആ യാത്രകളില്‍  എനിക്കു ചുറ്റും
ചിറകറ്റു  മരിച്ചു വീണ മഴപാറ്റകളെ കണ്ട്
ഞാനസൂയപ്പെട്ടു.
ഒരു  രാത്രിയുടെ  ദൈര്‍ഘ്യത്തില്‍
ജനിച്ച്,  ജീവിച്ചു പ്രണയിച്ചു  മരിക്കാന്‍
അവയെന്തു  പുണ്യം  ചെയ്യ്തു?


പുലരിയുടെ തെളിമയിലും
നട്ടുച്ചയിലെ ചൂടിലും
ഇരുളിന്‍റെ ഭീകരതയിലും ഞാനലഞ്ഞു.
എങ്ങും  തീപിടിച്ച  മനുഷ്യര്‍ മാത്രം.
ഒരിറ്റു  ദാഹജലത്തിനായി ഞാന്‍
മുട്ടിയ വാതിലുകള്‍ ഒന്നും  തുറന്നില്ല.
ഒരുപക്ഷെ തുറക്കാനാവാത്ത വിധം
അവരുടെ  കൈകള്‍  മരവിച്ചു പോയിരിക്കാം.........


ക്ഷമിക്കൂ  പ്രിയേ,
ഈ വൈകിയ വേളയില്‍,
ഒരു  തൊഴില്‍രഹിതന്‍റെ കഥ പറഞ്ഞ് ഞാന്‍
നിന്നെ  വേദനിപ്പിക്കുന്നില്ല......
അവസാന തുള്ളി മഷിയും തീരും മുന്‍പേ,
എഴുതി നിര്‍ത്തട്ടെ,
ഞാന്‍ നിന്നെ സ്നേഹിക്കുന്നു,
ഇത്  ജീവിക്കാനറിയാത്തവന്‍റെ
സ്വാര്‍ത്ഥതയാനെന്ന് അറിയാമെങ്കിലും
ഇനിയുള്ള ജീവിതത്തിന് ഇതെങ്കിലും
വേണമെനിക്ക് സ്വന്തമായി................




3 comments:

  1. മനസിലെവിടെയോ ഒരു നീറ്റല്‍ അവശേഷിപ്പിക്കുന്ന വരികള്‍

    ReplyDelete